മനുഷ്യ ജീവിതം കടന്ന്പോവുന്ന വിസ്മയകരമായ ആറ് സ്റ്റേഷനുകള്‍

മനുഷ്യ ജീവിതം കടന്ന്പോവുന്ന വിസ്മയകരമായ ആറ് സ്റ്റേഷനുകള്‍
  • ഡിസംബർ 9, 2024
  • ഇബ്‌റാഹിം ശംനാട്

ഇസ്ലാമിക കാഴ്ചപ്പാടില്‍ മനുഷ്യ ജീവിതം വിസ്മയകരമായ ഒരു യാത്രയാണെന്ന് പറയാം. ആറ് സ്റ്റേഷനുകളിലൂടെ (താവളങ്ങള്‍) താണ്ടിപോവുന്ന ദീര്‍ഘ യാത്ര. ഓരോ സ്റ്റേഷനുകളിലും വ്യതിരിക്തമായ അനുഭവങ്ങള്‍. വിത്യസ്തമായ കാഴ്ചകള്‍. വൈവിധ്യമാര്‍ന്ന ദൗത്യങ്ങള്‍. ഈ താവളങ്ങളിലെ പല ഓര്‍മ്മകളും നാമറിയാതെ മൃതപ്രായമായരിക്കുന്നു. അത്തരം ചില താവളങ്ങളിലൂടെ കടന്നുവന്ന കാര്യംപോലും നാം വിസ്മരിച്ചിട്ടുണ്ട്. ജീവിതപ്രയാണത്തെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടാവാന്‍ ഈ താവളങ്ങളെ കുറിച്ചും അവിടത്തെ ദൗത്യത്തെ കുറിച്ചും അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.

ആത്മാവിന്‍റെ ലോകമാണ് നമ്മുടെ ഒന്നാമത്തെ താവളം. അവിടെ എത്ര കാലം തങ്ങി എന്നൊ എങ്ങനെ കഴിഞ്ഞുവെന്നൊ ഉള്ള വിവരം നമുക്ക് ഓര്‍മ്മയില്ല. അതിനെ കുറിച്ച് അറിവ് ലഭിക്കുന്നത് ഖുര്‍ആനില്‍ നിന്നാണ്. “നിന്‍റെ നാഥന്‍ ആദം സന്തതികളുടെ മുതുകുകളില്‍ നിന്ന് അവരുടെ സന്താന പരമ്പരകളെ പുറത്തെടുക്കുകയും അവരുടെമേല്‍ അവരത്തെന്നെ സാക്ഷിയാക്കുകയും ചെയ്ത സന്ദര്‍ഭം. അവന്‍ ചോദിച്ചു: ”നിങ്ങളുടെ നാഥന്‍ ഞാനല്ലയോ?” അവര്‍ പറഞ്ഞു: ”അതെ; ഞങ്ങളതിന് സാക്ഷ്യം വഹിച്ചിരിക്കുന്നു.” ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ ‘ഞങ്ങള്‍ ഇതേക്കുറിച്ച് അശ്രദ്ധരായിരുന്നു’വെന്ന് നിങ്ങള്‍ പറയാതിരിക്കാനാണിത്. ( അഅ്റാഫ് 7:172 )

അല്ലാഹു മനുഷ്യാസ്തിത്വത്തെ രൂപകല്‍പന ചെയ്ത ശേഷം അതിലേക്ക് ദൈവിക ചൈതന്യത്തെ സന്നിവേശിപ്പിച്ചു. ബുദ്ധിയും ബോധവും നല്‍കി അവനെ ദൈവത്തിന്‍റെ പ്രതിനിധിയായി നിശ്ചയിച്ചു. ആ ഉത്തരവാദിത്വത്തെ അരക്കെട്ടുറപ്പിക്കാന്‍ അല്ലാഹു നമ്മില്‍ നിന്ന് വാങ്ങുന്ന അനുസരണ പ്രതിജ്ഞയെ (ഉടമ്പടി) അനുസ്മരിപ്പിക്കുന്നതാണ് മുകളിലുദ്ധരിച്ച ഖുര്‍ആന്‍ സൂക്തം. വര്‍ത്തമാന കാലത്ത് ഈ കരാര്‍ നമ്മുടെ ഓര്‍മമയില്‍ ഇല്ലെങ്കിലും, അങ്ങനെ പല കാര്യങ്ങളും നമ്മുടെ ഓര്‍മ്മയിലില്ല, അതൊരു യാഥാര്‍ത്ഥ്യമാണെന്ന് സമ്മതിച്ചേ തീരൂ.

ഗര്‍ഭാശയ ലോകമാണ് നമ്മുടെ രണ്ടാമത്തെ താവളം . ഗര്‍ഭാശയ ലോകത്തെ അവസ്ഥയെ കുറിച്ച് ഖുര്‍ആന്‍ വിവരിക്കുന്നത് ഇങ്ങനെ: “അവനാണ് ഗര്‍ഭാശയങ്ങളില്‍ അവനിച്ഛിക്കും വിധം നിങ്ങളെ രൂപപ്പെടുത്തുന്നത്. അവനല്ലാതെ ദൈവമില്ല. അവന്‍ പ്രതാപിയാണ്; യുക്തിമാനും.” ( ആലിഇംറാന്‍ 3:6 ) ഈ ഭൂമിയിലേക്ക് പിറന്ന്വീഴുന്നതിന്‍്റെ ഭാഗമായി ഒമ്പത് മാസം ഉമ്മയുടെ ഗര്‍ഭാശയത്തില്‍ കഴിച്ചുകൂടിയപ്പോള്‍ എന്തൊക്കെ സംഭവിച്ചുവെന്നതും നമ്മുടെ ഓര്‍മ്മയില്‍ തങ്ങുന്നില്ല.

മൂന്നാംഘട്ട ജീവിതത്തിന്‍റെ താവളം ഈ ഭൂമി തന്നെയാണ്. മഹത്തായ ഈ സൃഷ്ടിപ്പിനെ കുറിച്ച് ഖുര്‍ആന്‍ പറയുന്നു: “മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാനാണ്. അല്ലാഹുവിന്‍റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനാണ്; തീര്‍ച്ച. അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു. ( 49:13 ) ശൈശവം, ബാല്യം, കൗമാരം, യൗവ്വനം, വാര്‍ധക്യം തുടങ്ങിയ ഘട്ടങ്ങള്‍ തരണംചെയ്ത്/ചെയ്യാതെയൊ ഈ ലോകത്തോട് വിടപറയാന്‍ നാം നിര്‍ബന്ധിതരാണ്.

മരണാനന്തരമുള്ള ‘ബറസഖ്’ എന്ന് അറിയപ്പെടുന്നതാണ് നമ്മുടെ നാലാമത്തെ താവളം. ബര്‍സഖി ജീവിതത്തെ കുറിച്ച ഖുര്‍ആന്‍ പറയുന്നത് ഇങ്ങനെ: ………….. ഇങ്ങനെ ഇവര്‍(മരിച്ചവര്‍)ക്കോക്കെയും പിന്നില്‍ ഒരു ബര്‍സഖ് മറയായിട്ടുണ്ട്–അവര്‍ പുനര്‍ജീവിപ്പിക്കപ്പെടുന്ന നാളുവരെ. ( 23:100 ) മരിച്ചവരുടെയും ഇഹലോകത്തിന്‍റെ യും ഇടയില്‍ ഒരു മറയുണ്ട് എന്നാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. അന്ത്യദിനം വരെ ഈ ലോകത്തിന്‍റെ യും പരലോകത്തിന്‍റെയുമിടയില്‍ ഈ മറ നിലനില്‍ക്കുന്നതാണ്. ഒരുതരം നിദ്രയിലാണ്ട അവസ്ഥയാണിത്.

ജീവിതത്തിന്‍റെ അഞ്ചാമത്തെ താവളമാണ് ഉയര്‍ത്തെഴുന്നേല്‍പിന്‍റെ ലോകം. അഥവാ മഹ്ശറ എന്ന് അറിയപ്പെടുന്ന ലോകം. എല്ലാവരും ഒരുമിച്ചുകൂട്ടപ്പെടുന്ന അത്തരമൊരു ദിനം വരുമെന്ന കാര്യത്തില്‍ സംശയമില്ല. ഖുര്‍ആന്‍ പറയുന്നു: “അന്ത്യസമയം വന്നത്തെുക തന്നെ ചെയ്യം; അതില്‍ സംശയം വേണ്ട. കുഴിമാടങ്ങളിലുള്ളവരെയെല്ലാം അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കുകതന്നെ ചെയ്യം. ( 22:7 ) ഈ ദിനത്തെ നിഷേധിക്കുന്നവരോട് ഖുര്‍ആന്‍ ചോദിക്കുന്നു: “അവന്‍ നമുക്ക് ഉപമചമച്ചിരിക്കുന്നു. തന്നെ സൃഷ്ടിച്ച കാര്യമവന്‍ തീരെ മറന്നുകളഞ്ഞു. അവന്‍ ചോദിക്കുന്നു: എല്ലുകള്‍ പറ്റെ ദ്രവിച്ചുകഴിഞ്ഞ ശേഷം അവയെ ആര് ജീവിപ്പിക്കാനാണ്? പറയുക: ഒന്നാം തവണ അവയെ സൃഷ്ടിച്ചവന്‍ തന്നെ വീണ്ടും അവയെ ജീവിപ്പിക്കും. അവന്‍ എല്ലാവിധ സൃഷ്ടിയും നന്നായറിയുന്നവനാണ്. ( 36:78,79 )

ഇമാം സൈനുല്‍ ആബിദീന്‍ പറഞ്ഞത് എത്ര വാസ്തവം: രാപകലുകളില്‍ മനുഷ്യര്‍ മരിക്കുന്നത് കണ്ടുകൊണ്ടിരിക്കെ ഒരാള്‍ മരണത്തെ നിഷേധിക്കുന്നത് എത്ര വിചിത്രമാണ്. അത്പോലെ ആദ്യ സൃഷ്ടിയെ കണ്ടുകൊണ്ടിരിക്കെ മരണാനന്തര ജീവിതത്തെ മനുഷ്യര്‍ നിഷേധിക്കുന്നതും അല്‍ഭുതകരം തന്നെ.

വിചാരണക്ക് ശേഷം സ്വര്‍ഗത്തിലെക്കൊ നരകത്തിലെക്കൊ പ്രവേശിക്കുന്നതാണ് ജീവിതത്തിന്‍റെ ആറാമത്തേയും അവസാനത്തേയും സ്റ്റേഷന്‍. അതിനെ കുറിച്ച് ഖുര്‍ആന്‍ പറയുന്നു: “എന്നാല്‍ സൗഭാഗ്യവാന്മാര്‍ സ്വര്‍ഗത്തിലായിരിക്കും. ആകാശഭൂമികള്‍ ഉള്ളടേത്തോളം കാലം അവരതില്‍ നിത്യവാസികളായിരിക്കും. നിന്‍റെ നാഥന്‍ ഇച്ഛിക്കുന്ന കാലമൊഴികെ; അനുസ്യൂതമായ അനുഗ്രഹദാനം.” ( ഹൂദ്: 108 ). മറ്റൊരിടത്ത് കുറ്റവാളികള്‍ നിഷേധിക്കുന്ന നരഗത്തെ ചൂണ്ടി അല്ലാഹു പറയുന്നു: “ഇതാകുന്നു കുറ്റവാളികള്‍ തള്ളിപ്പറയുന്ന നരകം” ( അറഹ്മാന്‍: 43)
മുകളില്‍ വിവരിച്ച ജീവിത വീക്ഷണത്തിന് വിപരീതമായി മനുഷ്യന്‍റെ ജനനവും മരണവും യാദൃശ്ചികമാണെന്നും ഇത്തരം താവളങ്ങള്‍/സ്റ്റേഷനുകള്‍ കേവലം ഭാവനാ സൃഷ്ടിയാണെന്നും വിശ്വസിക്കുന്ന ചിന്തകന്മാരും തത്വശാസ്ത്രജ്ഞന്മാരുമുണ്ട്. അവരെ സംബന്ധിച്ചേടുത്തോളം മനുഷ്യ ജീവിതത്തിന് ഗൗരവപൂര്‍വ്വമായ ലക്ഷ്യമൊ ഉദ്ദേശ്യമൊ ഇല്ല. കഴിയുന്നത്ര ആസ്വദിച്ച് ആര്‍മാദിച്ചു ജീവിക്കുക അത്രയെ ഉള്ളൂ. ഇതില്‍ ഏതാണ് ഗുണകരമെന്ന് ചിന്തിച്ച് തെരെഞ്ഞെടുക്കാനുള്ള ഉത്തരവാദിത്വം നമ്മുടേതാണ്.