ചിന്തയുടെ സ്വാധീനം ജീവിതത്തില്‍

ചിന്തയുടെ സ്വാധീനം ജീവിതത്തില്‍
  • ഡിസംബർ 30, 2024
  • ഇബ്‌റാഹിം ശംനാട്

വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിനാണ് ചിന്തിക്കുക എന്ന് പറയുന്നത്. അതിനെ കുറിച്ച മറ്റൊരു നിര്‍വ്വചനം ഇങ്ങനെ: Thinking refers to the ability to process information, hold attention, store and retrieve memories and select appropriate responses and actions. (വിവരങ്ങള്‍ പ്രോസസ്സ് ചെയ്യാനും ശ്രദ്ധ നിലനിര്‍ത്താനും ഓര്‍മ്മകള്‍ സംഭരിക്കാനും വീണ്ടെടുക്കാനും ഉചിതമായ പ്രതികരണങ്ങളും പ്രവര്‍ത്തനങ്ങളും തിരഞ്ഞെടുക്കാനുമുള്ള കഴിവിനെയാണ് ചിന്ത എന്ന് പറയുന്നത്.)

കാര്യങ്ങള്‍ അപഗ്രഥിക്കാനും മനസ്സിലാക്കാനുള്ള ഒരു മാര്‍ഗമാണ് ചിന്തിക്കല്‍. അഥവാ വിവരങ്ങള്‍ വിശകലനം ചെയ്യാനുള്ള ഒരു ടൂള്‍ എന്നും അതിനെ പറയാം. ആ ടൂള്‍ ഉപയോഗിച്ചാണ് ജീവിത വ്യവഹാരങ്ങളോട് നാം പ്രതികരിക്കുന്നത്. വൈവിധ്യമാര്‍ന്ന നമ്മുടെ ചിന്തകളുടെ ഫലം കൂടിയാണ് ഇന്ന് കാണുന്ന ലോകവും അതിലെ ഒട്ടനവധി നേട്ടങ്ങളും സൗകര്യങ്ങളും നേടീട്ടുള്ളത്. അല്ലാഹു മനുഷ്യര്‍ക്ക് നല്‍കിയ മഹത്തായ അനുഗ്രഹമാണ് ചിന്തിക്കാനുള്ള കഴിവ്.

ചിന്തയെ നമുക്ക് രണ്ടായി തരം തിരിക്കാം. ഒന്ന് പോസിറ്റിവ് ചിന്തയും മറ്റേത് നെഗറ്റിവ് ചിന്തയും. പോസിറ്റിവ് ചിന്ത പ്രതീക്ഷയും ക്രയാത്മകവുമാണെങ്കില്‍ നെഗറ്റിവ് ചിന്ത നിരാശയിലേക്കും സംശയത്തിലേക്കും നയിക്കുന്നു. മനുഷ്യര്‍ പോസിറ്റിവായി ചിന്തിച്ചിരുന്നില്ലെങ്കില്‍ ഈ കാണുന്ന സൗകര്യങ്ങളൊന്നും നമുക്ക് പ്രാപ്യമാകുമായിരുന്നില്ല. നെഗറ്റിവ് ചിന്തയുള്ളവര്‍ പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ ഭീതിയോടെ കാണുന്നു. അതിന് എന്തെങ്കിലും പരിഹാരമുണ്ടാവുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നില്ല.

പോസിറ്റിവ് ചിന്ത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുളള വഴി അന്വേഷിക്കുന്നു. വൃത്തത്തിനപ്പുറം ചിന്തിക്കുന്ന പ്രവണതയാണത്. ഒരേ അച്ചുതണ്ടില്‍ ചിന്ത കറങ്ങുന്നത്, കെട്ടിയട്ട മൃഗം കറങ്ങുന്നതിന് തുല്യമാണ്. ആ പറ്റേണിന് അപ്പുറം ചിന്തിക്കാന്‍ കഴിയുന്നില്ല അത്തരക്കാര്‍ക്ക്. മനുഷ്യന്‍റെ നാളെയുടെ ആവശ്യങ്ങള്‍ ഇന്ന് ഭാവനയില്‍ കാണാന്‍ കഴിയുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ് ചിന്ത ക്രയാത്മകമായിത്തീരുന്നത്. ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ഇത് അനിവാര്യമാണ്. ഈ ചിന്തക്ക് എത്ര മൂര്‍ച്ചകൂട്ടുന്നുവൊ അതിനനുസരിച്ച് നമുക്ക് നേട്ടങ്ങള്‍ ആര്‍ജ്ജിക്കാന്‍ കഴിയും.

ഭൂതകാലത്തെ കുറിച്ച് ചിന്തിച്ച് നിരാശപ്പെടുകയും ഭാവിയെ കുറിച്ച് ആശങ്കയിലാവുകയും ചെയ്യുന്നവരുണ്ട്. ശുഭപ്രതീക്ഷയോടെ ജീവിതത്തെ സമീപിക്കലാണ് പോസിറ്റിവ് ചിന്ത. പ്രശ്നം ഉണ്ടാവുമ്പോള്‍ പരിഹാരത്തെ കുറിച്ചാവണം ചിന്തിക്കേണ്ടത്. മഴ വരും എന്ന് പ്രതിക്ഷിച്ച് കുട എപ്പോഴും നിവര്‍ത്തി പിടിക്കേണ്ടതില്ലല്ലോ? മഴ പെയ്യുമ്പോള്‍ കൈയ്യില്‍ കരുതിയ കുട നിവര്‍ത്തിയാല്‍ പോരെ. ജീവിതം സൗഭാഗ്യമാണ്. പ്രതീക്ഷയാണ് അതിനെ മുന്നോട്ട് നയിക്കുന്ന ഇന്ധനം.

അന്തരീക്ഷത്തില്‍ പെടുന്നനെ മിന്നെറിയുന്നത് പോലെ മനസ്സിലുണ്ടാവുന്ന ഒരു സ്പാര്‍ക്കാണ് ചിന്ത. എന്താണൊ മനസ്സിനെ മതിച്ചുകൊണ്ടിരിക്കുന്നത്, അതിനെ ചുറ്റിപ്പറ്റി ഒരുപാട് ചിന്തകള്‍ ഉണ്ടായികൊണ്ടിരിക്കും. ആ ചിന്തകളെ ഒരു തുണ്ട് കടലാസില്‍ എഴുതി വികസിപ്പിച്ചാല്‍ അത് നിങ്ങള്‍ ചിന്തിക്കുന്ന മേഖലയിലുള്ള ഒന്നാന്തരം സൃഷ്ടിയായി രൂപാന്തരം പ്രാപിച്ചേക്കാം. ഇത്തരത്തിലുളള അനേകം ചിന്തകള്‍ മനസ്സിലൂടെ മിന്നിമറയുമ്പോള്‍, അതിലെ കൊള്ളാവുന്നതിനെ ശേഖരിക്കുന്നത് ജീവിതത്തിലെ വഴിത്തിരിവായി മാറിയേക്കാം. അതാണ് ചിന്തയുടെ ശക്തിയും സൗന്ദര്യവും.