ഖുര്‍ആന്‍ പഠനക്ലാസിന്‍റെ അനുഭൂതിനിറഞ്ഞ 11 വര്‍ഷങ്ങള്‍

ഖുര്‍ആന്‍ പഠനക്ലാസിന്‍റെ അനുഭൂതിനിറഞ്ഞ 11 വര്‍ഷങ്ങള്‍
  • നവംബർ 16, 2024
  • ഇബ്‌റാഹിം ശംനാട്

പ്രഭാത നമസ്കാരത്തിനും പ്രാര്‍ത്ഥനകള്‍ക്കും ശേഷം എല്ലാ ദിവസവും ഖുര്‍ആന്‍ പഠനക്ലാസിലൂടെ ജീവിതത്തിലേക്ക് പ്രവേശിക്കുക. അങ്ങനെ നീണ്ട 11 വര്‍ഷങ്ങള്‍ എടുത്ത് വിശുദ്ധ ഖുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവും ഒരാവര്‍ത്തി പൂര്‍ത്തീകരിക്കുക. അതിലൂടെ ലഭിച്ച അറിവുകളും പ്രചോദനങ്ങളും ജീവിതത്തിന് മര്‍ഗദര്‍നവും വെളിച്ചവുമാവുക. ദൈവികമായ അനുഗ്രഹത്തിന്‍റെ മേഘത്തണല്‍ ലഭിച്ച അനൂഭൂതിയുണ്ടാവുക. 2013 ആഗസ്റ്റ് 8 ന് തുടക്കംകുറിച്ച ഖുര്‍ആന്‍ പഠനക്ലാസ് 2024 നവംമ്പര്‍ 14 ന് തിരിശ്ശീല വീഴുമ്പോള്‍ മനസ്സില്‍ കടന്ന്പോയ കാര്യങ്ങളാണിത്.

ജീവിതത്തില്‍ ഓരോ റമദാന്‍ മാസം പിന്നിടുമ്പോഴും ഖുര്‍ആന്‍ ആഴത്തില്‍ പഠിക്കാന്‍ മോഹമുദിക്കുകയും ഏതെങ്കിലും പരിഭാഷയെ അവലംബിച്ച് അതിന് തുടക്കം കുറിക്കുകയും ചെയ്യുമായിരുന്നു. പക്ഷെ, ഒന്നൊ രണ്ടൊ മാസം പിന്നിടുമ്പോള്‍, അത് നിലച്ചുപോവാറായിരുന്നു പതിവ്. എന്നാല്‍ അതില്‍നിന്നും വിഭിന്നമായി 11 വര്‍ഷംമുമ്പ് ആരംഭിച്ച ഖുര്‍ആന്‍ പഠനക്ലാസ് അതിന്‍റെ പരിസമാപ്തിയിലേക്ക് എത്തിയത് ആനന്ദകരമായ അനുഭവമാണ്.

ഒരു ശീലം തുടങ്ങാന്‍ ഒരിക്കലും ഏകനായി ശ്രമിക്കരുതെന്ന് പ്രശസ്ത എഴുത്തുകാരന്‍ റോബിന്‍ ശര്‍മമ എഴുതീട്ടുണ്ട്. ഇത്രയും ദീര്‍ഘകാലം പ്രഭാതവേളയിലെ ഖുര്‍ആന്‍ പഠനക്ലാസ് തുടര്‍ന്ന്പോവാന്‍ സാധിച്ചത്, പലരും പങ്കാളികളായ ഒരു കൂട്ടായ്മയായത്കൊണ്ടായിരുന്നു. ജിദ്ദയിലെ ഏതാനും പ്രവാസി സുഹൃത്തുക്കള്‍ ഈ ഉദ്യമത്തിന് അകമഴിഞ്ഞ പിന്തുണ നല്‍കിയത് പ്രതീക്ഷിച്ചതിനെക്കാള്‍ അത് വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചു.

അല്‍പം ഫ്ലാഷ്ബാക്ക്
ഖുര്‍ആന്‍ പഠനക്ലാസിന് തുടക്കം കുറിക്കേണ്ടത് എങ്ങനെ എന്ന ആലോചനയുടെ അടിസ്ഥാനത്തിലായിരുന്നു, ടി.കെ.ഉബൈദ് സാഹിബിന്‍റെ ഖുര്‍ആന്‍ ബോധനം പഠനത്തിന് തെരെഞ്ഞെടുത്തത്. നൂറുകണക്കിന് പേജുകള്‍ വായിച്ചുതീര്‍ന്നപ്പോള്‍ അതിലെ ആറു വാല്യങ്ങള്‍ പൂര്‍ത്തിയായി. പിന്നീടുള്ള വാല്യങ്ങള്‍ ലഭ്യമായിരുന്നില്ല. അതിന്ശേഷം ഖുര്‍ആന്‍ പഠനം തുടരാന്‍ അവലംബിച്ചത് പ്രശസ്ത ഇസ്ലാമിക പണ്ഡിതന്‍ മൗലാന അബുല്‍ അഅ്ല മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആനായിരുന്നു. അതിന്‍റെ വായനയാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചത്.

വിത്യസ്ത പ്രദേശക്കാരും ചിന്താഗതിക്കാരുമായിരുന്നു ഈ പഠന ക്ലാസിലെ പഠിതാക്കള്‍. ഖുര്‍ആന്‍ പഠനത്തിന് തുടക്കം കുറിച്ച ആ ചരിത്ര മുഹുര്‍ത്തത്തിന് സാക്ഷിയായിരുന്ന പലരും, ഇന്ന് അതിന്‍റെ സമാപന ഘട്ടത്തില്‍ കൂടെയില്ല. ഞങ്ങളുടെ പ്രിയസുഹൃത്ത് അബ്ദുനാസര്‍ കൂരിയാട് അല്ലാഹുവിലേക്ക് യാത്രയായി. മറ്റു പലരും ജീവിതായോധനത്തിന്‍റെ വഴിയില്‍ വേര്‍പ്പെട്ടുപോയി. ചിലരാകട്ടെ പ്രവാസ ജീവിതം ഉപേക്ഷിച്ച് സ്വദേശത്ത് സ്ഥിരതമാസമാക്കി.

പരിഭാഷകളുടെ പ്രത്യേകതകള്‍
രണ്ട് മഹാപണ്ഡിതന്മാര്‍ എഴുതിയ ഖുര്‍ആന്‍ പരിഭാഷകളാണ് പഠനത്തിന് അവലംബിച്ചിരുന്നത് എന്ന് മുകളില്‍ സൂചിപ്പിച്ചു. ഖുര്‍ആന്‍ സ്വയം പഠിക്കാന്‍ സഹായകമാകുംവിധം അറബി പദങ്ങള്‍ പിരിച്ച് വാക്കര്‍ത്ഥം നല്‍കല്‍, മൂലസൂക്തങ്ങളുടെ നമ്പറില്‍ത്തന്നെ വിശദീകരണം, സൂറത്തുകള്‍ തമ്മിലുള്ള ഇഴയടുപ്പം, ആയത്തുകള്‍ തമ്മിലുള്ള പരസ്പര ബന്ധം, ഗഹനമായ അപഗ്രഥനങ്ങള്‍, ചരിത്ര വിശകലനങ്ങള്‍, ആയതുകളുടെ വിഷയാധിഷ്ടിത ക്രോഡീകരണം തുടങ്ങി നിരവധി പ്രത്യേകതകളാല്‍ ധന്യമാണ് ഖുര്‍ആന്‍ ബോധനം.

എന്നാല്‍ തഫ്ഹീമുല്‍ ഖുര്‍ആന്‍ ശ്രദ്ധേയമാവുന്നത് പൗരാണിക പണ്ഡിതന്മാരുടെ അഭിപ്രായങ്ങളുടെ വിശകലനം, അതില്‍ വ്യാഖ്യാതവ് മുന്‍ഗണന നല്‍കുന്നത്, അതിന്‍റെ കാരണങ്ങള്‍, ആയതുകള്‍ ഗ്രൂപ്പായി തരംതിരിച്ചുകൊണ്ടുള്ള പരിഭാഷയും വിശദീകരണവും, സൂറത്തുകളുടെ ഉള്ളടക്കം, അവതരണ പാശ്ചാതലം, ഒരു ജീവിത വ്യവസ്ഥയുടെ സംസ്ഥാപനം ലക്ഷ്യംവെച്ചുള്ള വിശദീകരണം, പ്രബോധിത സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വിവരണരീതി തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ്.

അനുഗ്രഹങ്ങളുടെ വസന്തകാലം
വിശുദ്ധ ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് നിങ്ങളില്‍ ഉത്തമര്‍ എന്ന് പ്രവാചകന്‍ അരുളീട്ടുണ്ട്. പ്രഭാതവേളയില്‍ ഖുര്‍ആന്‍ പഠനക്ലാസ് സമ്മാനിച്ചത് അനുഗ്രഹങ്ങളുടെ വസന്തകാലമാണ്. ജീവിതത്തില്‍ എന്തെല്ലാം സഫലമാവണമെന്ന് ആഗ്രഹിച്ചുവൊ അതൊക്കെ താമസംവിനാ നിറവേറ്റുന്നു എന്നതായിരുന്നു പഠനക്ലാസ് നല്‍കിയ ത്രസിപ്പിക്കുന്ന അനുഭവം. പ്രഭാതത്തില്‍ ഖുര്‍ആന്‍ കൃത്യമായി പഠിക്കാതിരുന്ന കാലവും പഠിച്ചുകൊണ്ടിരുന്ന ഈ കാലവും തമ്മിലുള്ള സമീകരണത്തിലൂടെയായിരുന്നു ഇത്തരമൊരു നിഗമനത്തിലത്തെിയത്.

പ്രഭാതത്തില്‍ മിക്ക മുസ്ലിം വീടുകളിലും പ്രദേശങ്ങളിലും ഖുര്‍ആനിലെ ഏതാനും ആയത്തുകളൊ, ഹദീസുകളൊ മറ്റു ആത്മീയ പുസ്തകങ്ങളൊ വായിക്കുക പതിവാണ്. എന്നാല്‍ എന്ത്കൊണ്ടൊ ഖുര്‍ആന്‍ മനസ്സിലാക്കി വ്യവസ്ഥാപിതമായി വായിക്കുന്നതായി കണ്ടിരുന്നില്ല. ആ നിലക്ക് പ്രഭാത വേളയിലെ ഖുര്‍ആന്‍ പഠനം നവ്യമായ സംരംഭമായിരുന്നു.

മൂന്ന് കാര്യങ്ങള്‍ കാണുമ്പോള്‍ സന്തോഷം ഉണ്ടാവുന്നതായി ഇമാം ഷാഫി (റ) പറഞ്ഞിട്ടുണ്ട്. 1. വിശുദ്ധ ഖുര്‍ആന്‍. 2. അല്ലാഹുവിന്‍റെ കൊട്ടരമായ കഅ്ബാ മന്ദിരം. 3. പ്രപഞ്ചത്തിന്‍റെ പച്ചിപ്പ് കാണുമ്പോള്‍.

ഖുര്‍ആന്‍ പഠനം സ്വാധീനിച്ച വിധം
തെറ്റിലേക്ക് വഴുതിപോവുക എന്നത് മനുഷ്യ പ്രകൃതിയുടെ ഭാഗമാണ്. പ്രഭാതവേളയിലെ ദിനേനയുള്ള ഖുര്‍ആന്‍ പഠനം ആരംഭിച്ച ശേഷം ഉണ്ടായ പ്രധാന മാറ്റം, ചിന്തകള്‍ തെറ്റിലേക്ക് വഴുതിവീഴുമെന്ന തോന്നലുണ്ടാവുമ്പോഴെല്ലാം, അതില്‍ നിന്നും നമ്മെ പിന്തിരിപ്പിക്കുന്ന ഏതൊ ഒരു മാസ്മരികത രൂപപ്പെടുന്നതായാണ് അനുഭവം. ഒരുതരം അശരീരി എന്ന് പറയാം. ഖുര്‍ആന്‍ പഠിതാവല്ലെ? അത് ചെയ്യാന്‍ പാടുണ്ടൊ എന്ന ഒരു ചോദ്യമാണ് അത്തരം സന്ദര്‍ഭങ്ങളില്‍ മനസ്സിലുദിക്കുക.

പരലോക ജീവിതത്തെ കുറിച്ച നിരന്തരമായ ഓര്‍മ്മപ്പെടുത്തലിനും ഖുര്‍ആന്‍ പഠനക്ലാസ് സഹായകമായി. കളിയും തമാശയും വിനോദവുമല്ല ഈ ജീവിതമെന്നും ഇതിനപ്പുറമുള്ള ജീവിതത്തിലേക്ക് ആവശ്യമായ വിഭവം സ്വരൂപിക്കേണ്ടതുണ്ടെന്ന വിചാരവും മനസ്സില്‍ നിരന്തരമായി കടന്നുവരാന്‍ ഖുര്‍ആന്‍ പഠനക്ലാസ് സഹായിച്ചിട്ടുണ്ട്. അസ്വസ്ഥതയും വ്യഥയും മനസ്സിനെ അലട്ടുമ്പോഴെല്ലാം, ഒരു ശമന ഒൗഷധമായും ഖുര്‍ആന്‍ പഠനം മാറീട്ടുണ്ട്. മൂല്യങ്ങളുമായി കൂടുതല്‍ സമന്വയിച്ച് ജീവിക്കാനും സാധിച്ചു.

നേതൃപരമായ പങ്കാളിത്തം

നിങ്ങള്‍ എന്തങ്കെിലും ആഗ്രഹിക്കുമ്പോള്‍, അത് നേടാന്‍ നിങ്ങളെ സഹായിക്കുന്നതിന് പ്രപഞ്ചം മുഴുവന്‍ ഗൂഢാലോചന നടത്തുന്നു എന്ന് പറഞ്ഞത് പ്രശസ്ത എഴുത്തുകാരന്‍ പൗലോ കൊയ്ലോ.

പ്രഭാതവേളയിലെ ഖുര്‍ആന്‍ പഠനക്ലാസ് പൂര്‍ത്തീകരണത്തില്‍ പലരുടേയും സഹകരണം എടുത്തുപറയതക്കതാണ്. അതിന് നേതൃപരമായ പങ്കാളിത്തം വഹിച്ചവരായിരുന്നു മുഹമ്മദലി പട്ടാമ്പി, അബ്ദുല്‍ മജീദ് വേങ്ങര, മുനീര്‍ ചെറുകോട് തുടങ്ങിയവര്‍.

അഷ്റഫ് കരുവാരക്കുണ്ട്, സല്‍ജാസ് വെള്ളാമ്പുറം, മുഹമ്മദ് കല്ലിങ്ങല്‍, ജാഫര്‍ പാണ്ടിക്കാട്, ഇര്‍ഷാദ്, നവാസ്, മുഹമ്മദ് കുട്ടി വേങ്ങര, അസ്ക്കര്‍ കോഴിക്കോട്, നഹാറുദ്ദീന്‍ കടവത്ത്, റഫീഖ് അംഗടിമുഗര്‍, നജ്മല്‍ ബാബു, സിറാജ് ആദം നഗര്‍, ഷറഫുദ്ദീന്‍ ഇരുമ്പൂഴി, ഹിഷാം, കബീര്‍ അരീക്കോട്, സമീര്‍ ചെറുകോട്,നസ്റുദ്ദീന്‍ കക്കാട് തുടങ്ങി നിരവധി സുമനസ്സുകള്‍ വിവിധ സന്ദര്‍ഭങ്ങളിലായി ഈ മഹദ് സംരംഭവുമായി സഹകരിച്ചവരില്‍ ഉള്‍പ്പെടുന്നു. പങ്കെടുത്തിരുന്ന എല്ലാവരേയും നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു. പ്രാര്‍ത്ഥിക്കുന്നു. സര്‍വ്വ ശക്തന്‍ ഇതൊരു സല്‍കര്‍മ്മമായി സ്വീകരിക്കുമാറാകട്ടെ.