സൂറത്ത് ഇസ്‌റാഅ്: കേന്ദ്ര പ്രമേയം ‘ഖുര്‍ആന്‍’

സൂറത്ത് ഇസ്‌റാഅ്: കേന്ദ്ര പ്രമേയം ‘ഖുര്‍ആന്‍’
  • ഡിസംബർ 1, 2021
  • ഇബ്റാഹീം ശംനാട്

ഖുര്‍ആനിലെ ഓരോ അധ്യായത്തിനും അതിന്‍െറതായ നിരവധി പ്രത്യേകതകളും സവിശേഷതകളും ഉണ്ടെങ്കിലും  പതിനേഴാം അധ്യായം അല്‍ഇസ്റാഅ്് (രാപ്രയാണം) ന്‍െറ മൂഖ്യപ്രമേയം ഖുര്‍ആനാണെന്നത് ശ്രദ്ധേയമാണ്. മനുഷ്യ സമൂഹത്തെ ബോധവല്‍കരിക്കുന്നതിന് വേണ്ടി ഖുര്‍ആനിന്‍െറ മഹത്വം ഉദ്ഘോഷിക്കുന്ന നിരവധി സൂക്തങ്ങള്‍ പല അധ്യായങ്ങളിലായി പരാമര്‍ശിച്ചിട്ടുണ്ട്.  111 സൂക്തങ്ങളുള്ള സുറത്തുല്‍ ഇസ്റാഅ് വിവിധ സൂക്തങ്ങളിലായി ഖുര്‍ആന്‍ പത്ത് തവണപ്രതിപാദിക്കപ്പെട്ടിരിക്കുന്നു (9, 41, 45, 46, 78, 82, 88, 89, 105 106 സൂക്തങ്ങളില്‍ ). ഇത്രയധികം സൂക്തങ്ങള്‍ ഒരൊറ്റ അധ്യായത്തില്‍ കേന്ദ്രീകരിച്ചത് തന്നെ അതിന്‍െറ പ്രാധാന്യമാണ് വ്യക്തമാക്കുന്നത്.

“ഈ ഖുര്‍ആന്‍ ഏറ്റവും നേരായ വഴി കാണിച്ചുതരുന്നു. സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് അതിമഹത്തായ പ്രതിഫലമുണ്ടെന്ന് ശുഭവാര്‍ത്ത അറിയിക്കുന്നു.” 17:9 എന്ന പരാമര്‍ശത്തോടെയാണ് അധ്യായത്തിന്‍െറ പല ഭാഗങ്ങളിലായി പരാമര്‍ശിക്കുന്ന  ഖുര്‍ആനെ കുറിച്ച കേന്ദ്ര പ്രമേയത്തിന് തുടക്കം കുറിക്കുന്നത്. പലപ്പോഴും ലക്ഷ്യമറിയാതെയാണ്  ഖുര്‍ആന്‍ വായിക്കുന്നതെങ്കിലും, ഈ സൂക്തത്തില്‍ ഖുര്‍ആന്‍ വായനയുടെ ലക്ഷ്യം കൃത്യമായി നിര്‍ണ്ണയിച്ചിരിക്കുന്നു. നമ്മുടെ ജീവിത സഞ്ചാരത്തിന് ആവശ്യമായ പാത കാണിച്ച് തരുന്നു എന്നതാണ് ഖുര്‍ആനിന്‍െറ സുപ്രധാനമായ ലക്ഷ്യം. ആ ലക്ഷ്യം വിസ്മരിച്ചതാണ് ഇന്ന് നാം അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് കാരണം.  

ഏകദൈവത്വം,പ്രവാചകത്വം, പരലോക ജീവിതത്തിന്‍െറ യുക്തി ഭദ്രമായ സമര്‍ഥനം, ആരാധനകള്‍, പ്രകൃതി ദൃഷ്ടാന്തങ്ങള്‍, സ്വാഭാവ രൂപീകരണത്തിന് ആവശ്യമായ  കല്‍പനകള്‍, നിരോധങ്ങള്‍,ചരിത്രപരമായ ഗുണപാഠങ്ങള്‍,ഖുര്‍ആനിന്‍െറ അമാനുഷികത തുടങ്ങിയ അനേകം  വിഷയങ്ങളാണ് ഖുര്‍ആനില്‍ മൊത്തമായി പ്രതിപാദിക്കുന്നത്. എന്നാല്‍ ആ വിഷയങ്ങളെല്ലാം ഒരു ചിമിഴിലൊതുക്കിയത് പോലെ ഈ അധ്യായത്തില്‍ അല്‍ഭുതകരമാംവിധം സന്നിവേശിപ്പിച്ചതായി കാണാം.  അവിടെയാണ് ഖുര്‍ആനിനെ അതിജയിക്കാന്‍ മറ്റൊരു ഗ്രന്ഥത്തിനും സാധ്യമല്ളെന്ന വെല്ലുവിളിയുടെ പ്രസക്തി. ” പറയുക: മനുഷ്യരും ജിന്നുകളും ഒത്തൊരുമിച്ചു ശ്രമിച്ചാലും ഈ ഖുര്‍ആന്‍ പോലൊന്ന് കൊണ്ടുവരാനാവില്ല- അവരെല്ലാം പരസ്പരം പിന്തുണച്ചാലും ശരി.” 17:88

അറിവ്,വിശ്വാസം,സല്‍കര്‍മ്മം ഇതാണ് ഇസ്ലാമിന്‍െറ അടിസ്ഥാനം. അറിവിന്‍െറ അടിസ്ഥാനമായ ഖുര്‍ആന്‍ പഠനം അവഗണിക്കുക വഴി അടിത്തറ ഇല്ലാത്ത വിശ്വാസവും പ്രവര്‍ത്തനവുമാണ് നാം കൊണ്ട് നടക്കുന്നത്. ഇതിലൂടെ നമുക്ക് ഇസ്ലാമിനെ ശരിയായ രൂപത്തില്‍ പ്രതിനിധീകരിക്കാന്‍ കഴിയുകയില്ളെന്നതിന് കാലം സാക്ഷിയാണ്. ഈ അവസ്ഥക്ക്  മാറ്റം വരാനും ഖുര്‍ആന്‍ പഠനം ഊര്‍ജ്ജിതമാക്കാനുള്ള പ്രചോദനം സൃഷ്ടിക്കുവാനും സൂറ അല്‍ഇസ്റാഅ് പര്യാപ്തമാണ്.

ജീവിത ലക്ഷ്യത്തെ കുറിച്ച സംശയത്തിന്‍െറ മൂടല്‍ മഞ്ഞിലകപ്പെട്ട ഒരു ആസുര കാലത്താണ് നാം ജീവിക്കുന്നത്.  ഇതില്‍ നിന്ന് രക്ഷ പ്രാപിക്കാനുള്ള മാര്‍ഗ്ഗം ഖുര്‍ആന്‍ പഠനം തന്നെയാണ്.  മാനവരാശിയെ ഖുര്‍ആന്‍ പഠനത്തിന്‍െറ പ്രധാന്യം ബോധ്യപ്പെടുത്തുന്ന സൂക്തങ്ങള്‍ ഈ അധ്യായത്തില്‍ ഇടക്കിടെ കാണാം.  ഇന്ന് നമ്മുടെ ഖുര്‍ആന്‍ പരായണം റമദാനില്‍ മാത്രം നടക്കുന്ന ആചാരമായി ചുരുങ്ങിയിരിക്കുകയാണല്ളൊ? ഖുര്‍ആനിന്‍െറ അടിസ്ഥാനത്തില്‍ ഊന്നിനിന്നുകൊണ്ടുളള ചിന്ത,ചിന്തയില്‍ നിന്നുല്‍ഭൂതമാവുന്ന പ്രവര്‍ത്തനം, സദ്സ്വഭാവം പാലിക്കല്‍, ഖുര്‍ആന്‍ സന്ദേശം പകര്‍ന്ന് കൊടുക്കല്‍ തുടങ്ങിയ  ഖുര്‍ആനിലൂടെ ലഭിക്കേണ്ട കാര്യങ്ങളാണ്.  

രോഗ ശമനമെന്ന നിലയിലും ഖുര്‍ആന്‍ പഠനം പ്രസക്തമാണെന്ന് ഈ അധ്യായം വ്യക്തമാക്കുന്നു. രണ്ട് കാര്യങ്ങളെ ഖുര്‍ആന്‍ രോഗശമനം എന്ന് വിശേഷിപ്പിച്ചു. ഒന്ന് ഖുര്‍ആനും മറ്റൊന്ന് ഈ അധ്യായത്തിന് തൊട്ട് മുമ്പുള്ള  അധ്യായത്തില്‍ പ്രതിപാദിച്ച തേനുമാണ്. ഖുര്‍ആന്‍ മാനസികവും ആത്മീയവുമായ രോഗത്തിനുള്ള ഉത്തമ ഒൗഷധമാണെങ്കില്‍, തേന്‍ ശാരീരിക രോഗത്തിനുള്ള ഒൗഷധമാണെന്ന കാര്യത്തില്‍ ആധുനിക ശാസ്ത്രം കണ്ടത്തെിയിരിക്കുന്നു. “ഈ ഖുര്‍ആനിലൂടെ നാം, സത്യവിശ്വാസികള്‍ക്ക് ആശ്വാസവും കാരുണ്യവും നല്‍കുന്ന ചിലത് ഇറക്കിക്കോണ്ടിരിക്കുന്നു. എന്നാല്‍ അതിക്രമികള്‍ക്കിത് നഷ്ടമല്ലാതൊന്നും വര്‍ധിപ്പിക്കുന്നില്ല.[82]”

ഖുര്‍ആനിനോട് അനുവര്‍ത്തിച്ച തെറ്റായ നയത്തിന്‍െറ തിക്താനുഭവങ്ങളാണ് നാം ഇന്ന് അനുഭവിക്കുന്നത്. ഈ അവഗണനയുടെ ആഴം മഹാ കവി ഇഖ്ബാലിന്‍െറ ഈരടികളില്‍ ഇങ്ങനെ കാണാം:    മുസ്ലിംങ്ങള്‍ ലോകത്തെ കീഴടക്കിയിരുന്ന വിശുദ്ധ ഗ്രനഥം ഇന്ന് വീടിനകത്ത് പൊടിപിടിച്ച് കിടക്കുന്നു. അതിന്‍െറ മുകളില്‍ ചിലന്തികള്‍ മാറാല കെട്ടിയിരിക്കുന്നു”.  

നമ്മുടെ ചിന്താധാരയെ ഒന്നിപ്പിക്കേണ്ട ജ്ഞാനത്തിന്‍െറ ഉറവിടമായ ഖുര്‍ആനിനെ നാം അവഗണിക്കുകയും അതിനെ മറ്റുള്ളവരില്‍ നിന്ന് ഗോപ്യമക്കുകയും ചെയ്തിരിക്കുകയാണ്. ഖുര്‍ആന്‍ പഠനത്തിന്‍െറ മറ്റൊരു ലക്ഷ്യം കൂടി പറഞ്ഞാണ് ഈ അധ്യായം അവസാനിക്കുന്നത്. “ഈ ഖുര്‍ആനിനെ നാം പല ഭാഗങ്ങളായി വേര്‍തിരിച്ചിരിക്കുന്നു. നീ ജനങ്ങള്‍ക്ക് സാവധാനം ഓതിക്കോടുക്കാന്‍ വേണ്ടിയാണിത്. നാമതിനെ ക്രമേണയായി ഇറക്കിത്തന്നിരിക്കുന്നു.”17:106

നമ്മുടെ ചിന്താധാരയെ ഒന്നിപ്പിക്കേണ്ട ജ്ഞാനത്തിന്‍െറ ഉറവിടമായ ഖുര്‍ആനിനെ നാം അവഗണിക്കുകയും അതിനെ മറ്റുള്ളവരില്‍ നിന്ന് ഗോപ്യമാക്കുകയും ചെയ്തിരിക്കുകയാണ്. ഖുര്‍ആന്‍ പഠനത്തിന്‍െറ മറ്റൊരു ലക്ഷ്യം കൂടി ഓര്‍മപ്പെടുത്തികൊണ്ടാണ് ഈ അധ്യായം അവസാനിക്കുന്നത്. “ഈ ഖുര്‍ആനിനെ നാം പല ഭാഗങ്ങളായി വേര്‍തിരിച്ചിരിക്കുന്നു. നീ ജനങ്ങള്‍ക്ക് സാവധാനം ഓതിക്കോടുക്കാന്‍ വേണ്ടിയാണിത്. നാമതിനെ ക്രമേണയായി ഇറക്കിത്തന്നിരിക്കുന്നു.”17:106