നബിമാരായ മോസസും മുഹമ്മദും: സാദൃശ്യങ്ങള്‍ നിരവധി

നബിമാരായ മോസസും മുഹമ്മദും: സാദൃശ്യങ്ങള്‍ നിരവധി
  • നവംബർ 4, 2024
  • ഇബ്‌റാഹിം ശംനാട്

ജൂത മതവും ഇസ്ലാം മതവും ഒരേ വൃക്ഷത്തിന്‍റെ രണ്ട് ശാഖകളാണ്. ഈ രണ്ട് മതങ്ങളുടേയും താഴ് വേര് ഒന്ന് തന്നെ. ജൂതമതവും ഇസ്ലാംമതവും പ്രവാചകനായ ഇബ്റാഹീമിന്‍റെ പുത്രന്മാരായ ഇസ്ഹാഖിന്‍റെയും ഇസ്മായിലിന്‍റെയും കുടുംബത്തിലേക്കാണ് എത്തിച്ചേരുന്നത് എന്നതിന് വേദഗ്രന്ഥങ്ങള്‍ മാത്രമല്ല പൗരാണിക ചരിത്രവും സാക്ഷിയാണ്. 2020 സപ്റ്റംമ്പര്‍ 15ന് അമേരിക്കയുടെ ഗൂഡാലോചനയില്‍ ഒപ്പ് വച്ച അബ്രഹാമിക് കരാര്‍ പോലും ഇരു മത വിഭാഗങ്ങളും തമ്മിലുള്ള ബന്ധങ്ങളില്‍ നിന്നാണ് രൂപംകൊണ്ടത്.

അതിനാല്‍ ഒരേ കുടുംബത്തില്‍ പിറന്ന ഈ രണ്ട് മതങ്ങളും പരസ്പരം കലഹിക്കുന്നതും യുദ്ധംചെയ്യുന്നതും സംസ്കാരശൂന്യവും ആഭാസത്തരവുമാണ്. ഇസ്ലാമിനെതിരെയുള്ള ജൂത ഗൂഡാലോചനക്ക് മുഹമ്മദ് നബിയോളം തന്നെ പഴക്കമുണ്ട്. വംശീയ മേധാവിത്വ ബോധവും തങ്ങള്‍ ദൈവത്തിന്‍റെ ശ്രേഷ്ട സന്തതികളുമാണെന്ന വ്യാജ അവകാശമാണ് അതിന് കാരണം. ആധുനിക കാലത്ത് ആ കുടില മനോഭാവം ജൂത വര്‍ഗീയ സംഘടനയായ സിയോണിസം ഏറ്റെടുത്തത് ലോക സമാധാനത്തിന് ഭീഷണിയാണ്. ഇതിനെ ചെറുക്കാനുള്ള വഴി, രണ്ട് മതങ്ങള്‍ക്കിടയില്‍ സാദൃശ്യങ്ങള്‍ കണ്ടത്തെുകയും അതിലൂടെ അവര്‍ക്കിടയില്‍ സൗഹൃദം വളര്‍ത്തുകയുമാണ്.

സാദൃശ്യങ്ങള്‍ നിരവധി

അഭിപ്രായ വിത്യാസങ്ങള്‍ ഉണ്ടെങ്കിലും, രണ്ടു മതങ്ങളും ഏകദൈവ വിശ്വാസത്തിന് ഊന്നല്‍ നല്‍കുകയും അവനെ മാത്രം ആരാധിക്കേണ്ടതിന്‍റെ പ്രാധാന്യം ഊന്നിപറയുകയും ചെയ്തിട്ടുണ്ട്. മനുഷ്യരെ സന്മാര്‍ഗത്തിലേക്ക് നയിക്കാന്‍ മോസസിന് ദൈവം തൗറാത്ത് അവതരിച്ചപ്പോള്‍, മുഹമ്മദ് നബിക്ക് ഖുര്‍ആന്‍ അവതരിച്ചുകൊടുത്തു. രണ്ട് പ്രവാചകന്മാര്‍ക്കും ദൈവികമായ പത്ത് കല്‍പനകള്‍ നല്‍കി. മോസസിന് ലഭിച്ച പത്ത് കല്‍പനകളും മുഹമ്മദിന് ലഭിച്ച കല്‍പനകളും ഉള്ളടക്കത്തില്‍ ഏറെ സമാനതകള്‍ ഉണ്ട്. ഖുര്‍ആനിലെ അല്‍ അന്‍ആാം അധ്യായത്തില്‍ അത് വിശദീകരിച്ചിട്ടുണ്ട്. മോശയെപ്പോലെയുള്ള ഒരു പ്രവാചകനെ താന്‍ ഉയിര്‍പ്പിക്കുമെന്ന് പഴയ വേദഗ്രന്ഥങ്ങളില്‍ പറയുന്നത് മുഹമ്മദ് നബിയെ കുറിച്ചാണ്.

പ്രവാചകന്മാരായ മോസയുടേയും മുഹമ്മദിന്‍റെയും ആദ്യകാല ജീവിതത്തില്‍ രണ്ടു പേരും അജഗണങ്ങളെ മേയ്ക്കുന്നവരായിരുന്നു. മോസയുടെ കൈവശമുണ്ടായിരുന്ന വടി ആടുകള്‍ക്ക് ഇലപൊഴിക്കാനാണെന്ന് അല്ലാഹുവോട് മൂസ പറഞ്ഞത് ഖുര്‍ആന്‍ ഉദ്ധരിച്ചിട്ടുണ്ട്. രണ്ട് പേരും ഖുര്‍ആനില്‍ നിരവധി തവണ പരാമര്‍ശിക്കപ്പെട്ടു. മോസസ് ഖുര്‍ആനില്‍ 136 തവണയും മുഹമ്മദ് എന്ന് 4 തവണയും അനേകം വിശേഷണങ്ങളുമായി പരാമര്‍ശിക്കപ്പെട്ടു.

തങ്ങളുടെ പ്രവാചകത്വത്തിന്‍റെ ആധികാരികത തെളിയിക്കാന്‍ ഇരു പ്രവാചകന്മാരും നിരവധി അമാനുഷികതകള്‍ ജനങ്ങള്‍ക്ക് കാണിച്ചു. രണ്ട് പ്രവാചകന്മാര്‍ക്കും പ്രത്യേകം ശരീഅത്ത് അവതരിച്ചതിനാല്‍ അവര്‍ ‘റസൂല്‍’എന്ന ഗണത്തില്‍പ്പെടുന്ന പ്രവാചകന്മാരാണ്. രണ്ട് പ്രവാചകന്മാരും സ്വന്തം ജന്മഭൂമി ഉപേക്ഷിച്ച് പലായനം ചെയ്തവരായിരുന്നു. മോസസ് മദ് യനിലേക്കും മുഹമ്മദ് മദീനയിലേക്കുമായിരുന്നു പലായനം ചെയ്തത്.

സ്വഛാധിപതികളോടും ജനങ്ങളെ മര്‍ദ്ദിച്ചവരോടും രണ്ടു പ്രവാചകന്മാരും യുദ്ധം ചെയ്തു. ഇരു പ്രവാചകന്മാര്‍ക്കും ആഭ്യന്തര ശത്രുക്കളായ കപട വിശ്വാസികള്‍ വെല്ലുവിളികള്‍ ഉയര്‍ത്തി. രണ്ട് പ്രവാചകന്മാര്‍ക്കും അല്ലാഹുവുമായി സംഭാഷണത്തിലേര്‍പ്പെടാന്‍ അവസരം ലഭിച്ചത് അപൂര്‍വ്വ സൗഭാഗ്യമായിരുന്നു. മുഹമ്മദ് നബിയുടെ ആകാശാരോഹണ വേളയില്‍ മുഹമ്മദ് നബിക്ക് ഏഴാം ആകാശത്ത്വെച്ച് മൂസാ നബിയുമായി സന്ധിച്ചതും അവിടെവെച്ച് മൂസാ നബി ആവശ്യമായ ഉപദേശങ്ങള്‍ നല്‍കിയതും അവര്‍ തമ്മിലുള്ള ഗാഡബന്ധത്തെ സൂചിപ്പിക്കുന്നു.

ഇരു പ്രവാചകന്മാരും സാധാരണ ജീവിതം നയിച്ചു. ജനനം, ജീവിതം, വിവാഹം, മരണം എല്ലാം സാധാരണ നിലയില്‍ തന്നെ. സാമൂഹ്യ ജീവിതവുമായി ബന്ധപ്പെടുത്തി നോക്കുമ്പോള്‍, മുസ്ലിങ്ങള്‍ക്ക് ജൂത സ്ത്രീകളെ വിവാഹം ചെയ്യാനും ജുതര്‍ അറുത്ത മാംസം ഭക്ഷിക്കാനും അനുവാദം നല്‍കീട്ടുണ്ട്. രണ്ട് മതാനുയായികളും ചേലാകര്‍മ്മം ചെയ്യുന്നു. ആരാധനകളുടെ നിര്‍വ്വഹണത്തില്‍ വിത്യാസമുണ്ടെങ്കിലും, ഇരു വിഭാഗവും നമസ്കാരം, നോമ്പ്, നിര്‍ബന്ധ ദാനം എന്നിവ നിര്‍വ്വഹിക്കുന്നു. ഇരു മതവിശ്വാസികളും ആചാരപരമായി തല മറക്കാന്‍ തൊപ്പി ധരിക്കുന്നു.

ഈ സമാനതകള്‍ കൊണ്ടാവാം ഖുര്‍ആന്‍ അവരോട് ഇങ്ങനെ ആഹ്വാനം ചെയ്തതു: ‘പറയുക: വേദവിശ്വാസികളേ, ഞങ്ങളും നിങ്ങളും ഒന്നുപോലെ അംഗീകരിക്കുന്ന തത്വത്തിലേക്കു വരിക. അതിതാണ്: ‘അല്ലാഹു അല്ലാത്ത ആര്‍ക്കും നാം വഴിപ്പെടാതിരിക്കുക; അവനില്‍ ഒന്നിനെയും പങ്കുചേര്‍ക്കാതിരിക്കുക; അല്ലാഹുവെ കൂടാതെ നമ്മില്‍ ചിലര്‍ മറ്റുചിലരെ രക്ഷാധികാരികളാക്കാതിരിക്കുക.’ഇനിയും അവര്‍ പിന്തിരിഞ്ഞുപോകുന്നുവെങ്കില്‍ പറയുക: ‘ഞങ്ങള്‍ മുസ്ലിംകളാണ്. നിങ്ങളതിന് സാക്ഷികളാവുക.’ ( 3: 64 )

ഈ തത്വത്തില്‍ യോജിക്കുകയും കര്‍മ്മപദ്ധതിയായി, മുകളില്‍ സൂചിപ്പിച്ച പത്ത് കല്‍പനകള്‍ പൊതു അജണ്ടയായി നടപ്പാക്കുകയും ചെയ്താല്‍ ഈ ലോകത്തിന്‍റെ അവസ്ഥ എത്ര മാറുമായിരുന്നു. പക്ഷെ അതിന് മതത്തേയും മത നേതാക്കളേയും ഹൈജാക് ചെയ്ത രാഷ്ട്രീയ രാക്ഷസന്മാര്‍ ഒരിക്കലും സമ്മതിക്കുകയില്ല. കാരണം മതങ്ങളെ അവര്‍ വായുപോലും കടക്കാത്ത അറകളില്‍ അടച്ചിട്ടിരിക്കുന്നു. മതങ്ങളുടെ ഐക്യവും ഒരുമയുമല്ല, അവരുടെ രക്തചൊരിച്ചിലും കലാപവുമാണ് രാഷ്ട്രീയക്കാര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട കലാപരിപാടികള്‍. ഇത് തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.