സൂറത്തുല്‍ കഹ്ഫ് നല്‍കുന്ന പാഠങ്ങള്‍
![സൂറത്തുല്‍ കഹ്ഫ് നല്‍കുന്ന പാഠങ്ങള്‍](https://www.waytobalancedlife.com/wp-content/uploads/2023/09/lessons-from-surah-al-kahf.jpg)
ലോകത്താകമാനമുള്ള മുസ്ലിംങ്ങള്‍ വെള്ളിയാഴ്ച പ്രാധാന്യപൂര്‍വ്വം പരായണം ചെയ്യുന്ന ഖുര്‍ആനിലെ ഒരു അധ്യായമാണ് സൂറത്തുല്‍ കഹ്ഫ്. വിശ്വാസികള്‍ക്ക് ഒരാഴ്ചക്ക് ആവശ്യമായ ആത്മീയ ഊര്‍ജ്ജം ശേഖരിക്കാനുള്ള ഉത്തമ അധ്യായമാണ് ഗുഹ എന്ന പേരിലറിയപ്പെടുന്ന സൂറത്തുല്‍ കഹ്ഫ്. വെള്ളിയാഴ്ച ആരെങ്കിലും ഈ അധ്യായം പാരായണം ചെയ്താല്‍ അല്ലാഹു അവന്‍റെ പാദം മുതല്‍ ആകാശത്തിന്‍റെ അറ്റം വരെ പ്രകാശപൂരിതമാക്കുമെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്.
ഏകദൈവവിശ്വാസം കൈകൊണ്ടതിന്‍റെ പേരില്‍ കടുത്ത പീഡനം നേരിട്ടപ്പോള്‍ സ്വദേശം ഉപേക്ഷിച്ച് ഗുഹയില്‍ അഭയം തേടിയ യുവാക്കളുടെ കഥ, സമ്പത്തിനോട് രണ്ട് വിരുദ്ധ നിലപാടുകള്‍ വ്യക്തമാക്കുന്ന ഒരു അവിശ്വാസിയുടേയും മറ്റൊരു വിശ്വാസിയുടേയും കഥ, ആദമിന്‍റെ സൃഷ്ടിപ്പുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍, മൂസാ നബിയും ഖിദ്റുമായുള്ള യാത്രയും സംവാദവും,ദുര്‍ഖര്‍നൈനിയുടെ ചരിത്രത്തില്‍ നിന്നുള്ള പാഠങ്ങള്‍, നിരവധി താക്കീതുകളും ഉപദേശങ്ങളും ഉള്‍കൊള്ളുന്നതാണ് സൂറത്തുല്‍ കഹ്ഫ്.
ദജ്ജാല്‍ നിങ്ങളെ പിടികൂടിയാല്‍ സൂറത്തുല്‍ കഹ്ഫിന്‍റെ ആദ്യ ഭാഗങ്ങള്‍ പാരായണം ചെയ്യുക. അത് അവനില്‍ നിന്നുള്ള സംരക്ഷണമാണെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. വിശ്വാസം, സമ്പത്ത്,സന്താനം,അറിവ്,അധികാരം തുടങ്ങിയ മനുഷ്യ ജീവിതത്തിന്‍റെ സുപ്രധാന മേഖലകളിലെല്ലാം മനുഷ്യ സമൂഹം സര്‍വ്വ നാശത്തെ നേരിട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ അതില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ഈ അധ്യായമാണിത്.
ഏകദൈവ വിശ്വാസം സ്വീകരിച്ചതിനാല്‍ അല്ലാഹു ഏതാനും യുവാക്കള്‍ക്ക് നല്‍കിയ അഭയകേന്ദ്രമായിരുന്നു ഗുഹവാസം. അക്രമിയായ ഭരണാധികാരിയുടെ പീഡനത്തില്‍ നിന്നും അല്ലാഹുവിന്‍റെ കല്‍പന പ്രകാരം ഗുഹയില്‍ അഭയം തേടിയ ഒരുപറ്റം ചെറുപ്പക്കാരുടെ അല്‍ഭുതമുളവാക്കുന്ന കഥയാണത്. പിന്നീട് അവരുടെ അവസ്ഥകളില്‍ മാറ്റമുണ്ടാവുകയും മൂന്നൂറില്‍പരം വര്‍ഷങ്ങള്‍ക്ക് ശേഷം പുനര്‍ജനിക്കുകയും സംഭവമറിഞ്ഞ് ആ ഗ്രാമനിവാസികള്‍ മുഴുവന്‍ ഏകദൈവിശ്വാസികളാവുന്നതാണ് കഥാ സംഗ്രഹം.
സത്യവിശ്വാസത്തിന്‍റെ പേരില്‍ ഇന്നും നാം പ്രയാസം നേരിടുമ്പോള്‍ വിശ്വാസികള്‍ എന്താണ് ചെയ്യേണ്ടതെന്ന് അനുസ്മരിപ്പിച്ച് കൊണ്ടാണ് ഗുഹാവാസികളുടെ കഥ അവസാനിക്കുന്നത്: ‘തങ്ങളുടെ നാഥന്‍റെ പ്രീതി പ്രതീക്ഷിച്ച് രാവിലെയും വൈകുന്നേരവും അവനോട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരോടൊപ്പം നീ നിന്‍റെ മനസ്സിനെ ഉറപ്പിച്ചുനിര്‍ത്തുക. ഇഹലോക ജീവിതത്തിന്‍റെ മോടി തേടി നിന്‍റെ കണ്ണുകള്‍ അവരില്‍നിന്നും തെറ്റിപ്പോവാതിരിക്കട്ടെ. നമ്മുടെ സ്മരണയെ സംബന്ധിച്ച് അശ്രദ്ധരാവുന്നവനെയും തന്നിഷ്ടത്തെ പിന്‍പറ്റുന്നവനെയും പരിധി ലംഘിച്ച് ജീവിക്കുന്നവനെയും നീ അനുസരിച്ചുപോകരുത്’. (18:28)
രണ്ട് ഉദ്യാനങ്ങളുടെ കഥ
ഐഹിക ജീവിതത്തോടെ മനുഷ്യ ജീവിതം അവസാനിക്കാനുള്ളതാണ് എന്ന് വിശ്വസിക്കുന്ന രണ്ട് ഉദ്യാനങ്ങളുടെ ഉടമയായ ഭൗതിവാദിയുടേയും ഐഹിക ജീവിതം നശ്വരമാണെന്നും ശേഷം പുനര്‍ജീവിതമുണ്ടെന്നും വിശ്വസിക്കുന്ന വിശ്വാസിയുടേയും ഉപമാലംകൃത കഥയാണ് സൂറത്തിലെ രണ്ടാമത്തെ സുപ്രധാന വിഷയം. സമ്പത്ത് തന്‍റേതാണെന്ന നിഗളിക്കുന്ന മുതലാളി നിമിഷനേരം കൊണ്ട് തകര്‍ന്ന് തരിപ്പണമാവുന്ന തോട്ടത്തിന് സാക്ഷ്യം വഹിക്കുന്നത് എക്കാലത്തേയും മനുഷ്യ സമൂഹത്തിന് വലിയ പാഠമാണ്. മുതലാളിത്ത ചിന്താഗതിയെ കടപുഴക്കി എറിയുന്നതാണ് ഇതിലെ പാഠം.
സമ്പത്തിനോട് സ്വീകരിക്കേണ്ട നിലപാട് എന്താണെന്ന് തുടര്‍ന്ന് സൂക്തം വിവരിക്കുന്നത് കാണുക: “ഇഹലോകജീവിതത്തിന്‍റെ ഉദാഹരണം നീ അവര്‍ക്ക് വിവരിച്ചുകൊടുക്കുക: നാം മാനത്തുനിന്ന് മഴ പെയ്യിച്ചു. അതുവഴി സസ്യങ്ങള്‍ ഇടകലര്‍ന്നു വളര്‍ന്നു. താമസിയാതെ അതൊക്കെ കാറ്റില്‍ പറക്കുന്ന തുരുമ്പായിമാറി. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ് . സമ്പത്തും സന്താനങ്ങളും ഐഹികജീവിതത്തിന്‍റെ അലങ്കാരമാണ്. എന്നും നിലനില്‍ക്കുന്ന സല്‍ക്കര്‍മങ്ങള്‍ക്കാണ് നിന്‍റെ നാഥന്‍റെയടുത്ത് ഉത്തമമായ പ്രതിഫലമുള്ളത്. നല്ല പ്രതീക്ഷ നല്‍കുന്നതും അതുതന്നെ. (18: 45, 46)
സര്‍വ്വ നാശത്തിന്‍റെ പ്രചോദകമായി വര്‍ത്തിക്കുന്ന ഇബ് ലീസിനെ കുറിച്ച സൂചനയും സുറത്ത് കഹ്ഫിലുണ്ട്. ഇബ് ലീസാണ് എല്ലാ കൂഴപ്പത്തിന്‍റെ യും കേന്ദ്രശക്തി. നശ്വരമായ ഈ ലോകത്തെ ഇബ് ലീസ് നമുക്ക് അലംകൃതമാക്കി തോന്നിപ്പിക്കുന്നു. നമ്മുടെ സൃഷ്ടാവ് ഭൂമിയിലേക്ക് നമ്മെ നിയോഗിക്കുമ്പോള്‍ നമ്മുടെ ശത്രുവാര് എന്ന് വ്യക്തമാക്കിതന്നത് അല്ലാഹുവിന് നമ്മോടുള്ള ഗുണകാംക്ഷയുടെ ഏറ്റവും നല്ല നിദര്‍ശനമാണ്. അതിനാല്‍ ഇബ് ലീസിന്‍റെ പ്രലോഭനങ്ങള്‍ക്ക് വശംവദമാവരുതെന്ന് അല്ലാഹു നമ്മെ ഉണര്‍ത്തുകയാണ്.
മൂസയും ഖിദ്റും
ഈ അധ്യായത്തിലെ മറ്റൊരു സംഭവമാണ് മൂസ നബിയുടെയും ഖിദ്റിന്‍റെയും കഥ. മൂസ വിചാരിച്ചു ഞാനാണ് ഏറ്റവും അറിവുള്ളവന്‍. നിന്നെക്കാള്‍ അറിവുള്ളവന്‍ ഒരു സ്ഥലത്തുണ്ടെന്നും അവിടെ പോയി അദ്ദേഹത്തെ കണാനും പഠിക്കാനും അല്ലാഹു മൂസക്ക് ദിവ്യബോധനം നല്‍കി. ഖിദ്റ് ആയിരുന്നു ആ ജ്ഞാനി എന്നാണ് പണ്ഡിതാഭിപ്രായം. ഖിദ്റിന്‍റെ കൂടെ യാത്ര ചെയ്ത മൂസക്ക് അദ്ദേഹം ചെയ്യുന്ന അഞ്ച് കാര്യങ്ങളുടെ യുക്തി മനസ്സിലായില്ല. അതിനെ മൂസാ ഖിദ്റിനോട് ചോദ്യം ചെയ്യുന്നു. വിജ്ഞാനം ശക്തിയാണെന്നും അത് ആര്‍ജ്ജിക്കാന്‍ ക്ഷമ അനിവാര്യമാണെന്നും ഈ കഥ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. എത്ര ഉന്നതനായാലും വിജ്ഞാനം ആര്‍ജ്ജിക്കാനുള്ള ഉല്‍സാഹം കൈവിടരുതെന്നുമാണ് ഈ സംഭവത്തില്‍ നിന്ന് പഠിക്കേണ്ട മറ്റൊരു കാര്യം. ഇത്കൊണ്ട് തന്നെയാണ് എല്ലാ ആഴ്ചയും കഹ്ഫ് പരായാണം ചെയ്യാന്‍ പ്രവാചകന്‍ നിര്‍ദേശിച്ചതും.
ദുല്‍ഖര്‍നൈന്‍
ബി.സി.539 കാലത്ത് ജീവിച്ചിരുന്ന ഭരണാധികാരിയായിരുന്നു ദൂല്‍ഖര്‍നൈന്‍. പീഡിത ജനവിഭാഗത്തിന് സുരക്ഷിതത്വം നല്‍കിയ ഭരണാധികാരി. ദുല്‍ഖര്‍നൈന്‍ പറയുന്നത് ഖുര്‍ആന്‍ ഇങ്ങനെ ഉദ്ധരിക്കുന്നു: അദ്ദേഹം പറഞ്ഞു: `ഇവരില്‍ അക്രമം പ്രവര്‍ത്തിക്കുന്നവനെ നാം ശിക്ഷിക്കും. അനന്തരം അവന്‍ തന്‍റെ റബ്ബിങ്കലേക്ക് മടക്കപ്പെടും. റബ്ബ് അവന്ന് കൂടുതല്‍ കഠിനമായ ശിക്ഷ നല്‍കും.` എന്നാല്‍ സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും ചെയ്യന്നവന് ഉത്തമമായ പ്രതിഫലമുണ്ട്. നാം അവന്ന് ലളിതമായ കല്‍പനകള്‍ മാത്രം നല്‍കുന്നതാകുന്നു. (18: 87,88.) യഅ്ജൂജ് മഅ്ജൂജ് എന്ന അപരിഷ്കൃത ജനതയുടെ അക്രമത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അദ്ദേഹം മനുഷ്യാധ്വാനം ആവശ്യപ്പെടുന്നു.
ഖുര്‍ആനിന്‍റെ മഹത്വം പറഞ്ഞ് ആരംഭിക്കുകയും അതേ ഖുര്‍ആനിന്‍റെ മഹത്വം ഓര്‍മ്മപ്പെടുത്തി ഉപസംഹരിക്കുകയും ചെയ്ത അധ്യായമാണിത്. ഇതിലെ എല്ലാ സൂക്തങ്ങളും അവസാനിക്കുന്നത് നൂന്‍ അകാരത്തിലാണെന്നതാണ് ഈ അധ്യായത്തിന്‍റെ മറ്റൊരു പ്രത്യേകത. നൂറ്റിപത്ത് സൂക്തങ്ങളും അങ്ങനെ സംഗീതാത്മകമായി അവസാനിക്കുന്നുവെന്നത് ഖുര്‍ആനിന്‍റെ ഭാഷാപരമായ അമാനുഷികതക്ക് മികച്ച ഉദാഹരണമാണ്. മനുഷ്യന്‍ പരീക്ഷിക്കപ്പെടുന്ന വിശ്വാസം, സമ്പത്ത്,സന്താനം,അറിവ്,അധികാരം എന്നീ കാര്യങ്ങളില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന പാഠമാണ് എല്ലാ വെള്ളിയാഴ്ചയും സൂറത്തുല്‍ കഹ്ഫ് പാരായണം ചെയ്യുന്നതിലൂടെ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്.