വ്രതാനുഷ്ടാനവും ശാരീരികാരോഗ്യവും

വ്രതാനുഷ്ടാനവും ശാരീരികാരോഗ്യവും
  • മാർച്ച്‌ 22, 2024
  • ഇബ്‌റാഹിം ശംനാട്

റമദാന്‍ മാസം വൃതാനുഷ്ടാനത്തിന്‍റെ മാസമാണ്. പ്രഭാതം മുതല്‍ പ്രദോഷം വരെ അന്ന പാനീയങ്ങളും ഭോഗതൃഷ്ണയും ഉപേക്ഷിക്കലാണ് ഇസ്ലാമിലെ ഉപവാസത്തിന്‍റെ കാതല്‍. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ മനുഷ്യന്‍റെ ആരോഗ്യം നാല് തരം ആരോഗ്യത്തെ ആശ്രയിച്ചാണ് നിലകൊളളുന്നത്. ശാരീരികാരോഗ്യം, മാനസികാരോഗ്യം, ആത്മീയാരോഗ്യം, സമൂഹ്യാരോഗ്യം എന്നിവയാണവ. ഇതില്‍ ഏതെങ്കിലും ഒരു ആരോഗ്യത്തിന് രോഗാതുരമാവുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കും. ഈ നാല് തരം ആരോഗ്യത്തെയും പുഷ്ടിപ്പെടുത്താന്‍ ഉപവാസത്തിന് സാധിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

1. ശാരീരികാരോഗ്യത്തിന്‍റെ പ്രാധാന്യം പരക്കെ ബോധ്യമുള്ള കാര്യമാണ്. ആരോഗ്യമുള്ള ശരീരത്തിലാണല്ലോ ആരോഗ്യമുള്ള മനസ്സുണ്ടാവുക. ശാരീരികാരോഗ്യത്തിന് ഉത്തമ ഔഷധമാണ് ഇസ്ലാമിലെ ഉപവാസം. നമ്മടെ ശരീരത്തിലെ മെറ്റബോളിസത്തെ (Metabolism) സാധാരണനിലയിലാക്കാന്‍ വൃതാനുഷ്ടാനം സഹായകമാണ്. നാം ഭക്ഷിക്കുന്ന ഭക്ഷണത്തെ ഊര്‍ജ്ജമാക്കി മാറ്റുന്ന ശരീരകോശങ്ങളിലെ രാസപ്രവര്‍ത്തനത്തിനാണ് മെറ്റബോളിസം എന്ന് പറയുന്നത്.

2. ശരീരത്തില്‍ കാലക്രമേണ അടിഞ്ഞുകൂടുന്ന വിഷാംശങ്ങളെ വൃതാനുഷ്ടാനം ഇല്ലാതാക്കുന്നു. ഉപവസിക്കുന്നതിനാല്‍, പുതുതായി ഭക്ഷണ സാധനങ്ങള്‍ അകത്തേക്ക് പ്രവേശിക്കുന്നില്ല. അത്കൊണ്ട് ശരീരത്തില്‍ പുതിയ വിഷാംശങ്ങള്‍ ഉണ്ടാവുന്നില്ലെന്ന് മാത്രമല്ല, ഉള്ളതിനെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കരള്‍ നിരന്തരമായ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നു. ഇങ്ങനെയാണ് നോമ്പ് ശരീരത്തിലെ വിഷാംശങ്ങള്‍ കുറച്ചുകൊണ്ട് വരുന്നത്.

3. ആധുനിക മനുഷ്യര്‍ നേരിടുന്ന പ്രധാനപ്പെട്ട ആരോഗ്യപ്രശ്നമാണ് പൊണ്ണത്തടിയും ദുര്‍മേദസ്സും. അത് 85% രോഗങ്ങള്‍ക്ക കാരണമാണെന്ന് അമേരിക്കയില്‍ നടന്ന പഠനങ്ങള്‍ തെളിയിക്കുന്നു. പൊണ്ണത്തടി കുറക്കാനുള്ള നല്ല മാര്‍ഗ്ഗങ്ങളിലൊന്നാണ് ഉപവാസം.

4. നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന്‍റെ ഭാഗമാണ് T. Cell കള്‍. വൃതമനുഷ്ടിക്കുന്നവരില്‍ T. Cell കള്‍ വര്‍ധിക്കുന്നതാണ്. കാന്‍സര്‍ പോലുള്ള മാരകരോഗത്തില്‍ നിന്നും അണുബാധയില്‍ നിന്നും രക്ഷനേടാന്‍ T. Cell കള്‍ സഹായിക്കുന്നു.

5. നോമ്പു നോല്‍ക്കുന്നതിനാല്‍, ദഹനപ്രക്രിയ നടക്കുന്നില്ല. അതിലൂടെ നമ്മുടെ ആന്തരികാവയവങ്ങള്‍ക്ക് വിശ്രമം ലഭിക്കുകയും രോഗത്തെ സുഖപ്പെടുത്തുകയും ചെയ്യുന്നു.

6. നോമ്പ് ശരീരത്തില്‍ രക്തശുദ്ധീകരണം വരുത്തുകയും അത് രക്തചംക്രമണം ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. .

7. ശരീരത്തിന്‍റെ ചര്‍മ്മഭംഗി വര്‍ധിക്കുന്ന എന്നതാണ് ഉപവാസം ആരോഗ്യത്തില്‍ ചെലുത്തുന്ന മറ്റൊരു സദ്ഗുണം.

8. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും രക്ത സംക്രമണം വര്‍ധിക്കാനും വാര്‍ധക്യ സഹജമായ രോഗങ്ങളെ ലഘൂകരിച്ച് യുവത്വം നിലനിര്‍ത്താനും വൃതാനുഷ്ടാനം സഹായകമാണ്. ഇതെല്ലാം അതിന്‍റെ പാര്‍ശ്വഫലങ്ങള്‍ മാത്രം. ഉപവാസത്തിന്‍റെ യഥാര്‍ത്ഥ പ്രയോജനം ദൈവ ഭക്തിയും നരകമോചനവുമാണെന്ന കാര്യത്തില്‍ സംശയമില്ല.

വൃതമനുഷ്ടാനം നമ്മുടെ ശാരീരികാരോഗ്യം വര്‍ധിപ്പിക്കുന്നതായി നിരവധി ഗവേഷണങ്ങളാണ് പുറത്ത്വന്നുകൊണ്ടിരിക്കുന്നത്. സഹോദര സമുദായത്തില്‍പ്പെട്ടവര്‍ പോലും റമദാന്‍ കാലത്ത് ഉപവസിക്കാന്‍ മുന്നോട്ട് വരുന്നതിന്‍റെ കാരണവും മറ്റൊന്നല്ല. നോമ്പു നോല്‍ക്കൂ, ആരോഗ്യവാനാവൂ എന്ന് പ്രവാചകന്‍ തിരുമേനി പറഞ്ഞത് ഏറെ അന്വര്‍ത്ഥമാണെന്ന് കാലം തെളിയിച്ചിരിക്കുന്നു.