ഇസ്ലാം ഭീതി ചെറുക്കാനുള്ള ചെറുവഴികൾ

എരിതീയിലേക്ക് എണ്ണ ഒഴിച്ചപോലെ ഇസ്ലാംഭീതി ലോകത്തുടനീളം കത്തിപ്പടർന്ന്കൊണ്ടിരിക്കുന്നു. മുസ്ലിം പണ്ഡിതന്മാരും ബുദ്ധിജീവികളും മാത്രമല്ല സാധാരണക്കാർ പോലും ഈ വിപത്തിനെ കുറിച്ച് കടുത്ത ആശങ്കയിലാണ്. എവിടെയായിരിക്കും ഈ ഭീതിപടർത്തൽ ചെന്നവസാനിക്കുക എന്ന് ആർക്കും പ്രവചിക്കാൻ കഴിയാത്ത അവസ്ഥ. അത്കൊണ്ട് തന്നെ മുസ്ലിംങ്ങളുടെ ചിന്തകളിലും രചനകളിലും പ്രഭാഷണങ്ങളിലും ഇസ്ലാംഫോബിയ കടന്നുവരിക സ്വാഭാവികമാണ്.
ജിഫ്രി ലാറിഗ് എന്ന പ്രശസ്ത അമേരിക്കൻ എഴുത്തുകാരെൻറ നിരീക്ഷണത്തിൽ, ‘ഇസ്ലാമിന് ചില പ്രതികൂലമായ സാഹചര്യങ്ങൾ നിലനിൽക്കുന്നുണ്ട്. മറ്റുള്ളവർ കൂടുതൽ ഭയപ്പെടുന്ന മതമാണത്. ലോകമതങ്ങളിൽ ഏററവുമധികം നിന്ദിക്കപ്പെടുന്നതും ഇസ്ലാമാണെന്നും അദ്ദേഹം അഭിപ്രയപ്പെടുന്നു.’ ഇതിനെ മറികടക്കാനുള്ള ശ്രമം ആർജ്ജവത്തോടെ ഏറ്റെടുക്കേണ്ട കാലമാണിത്.
മുഹമ്മദ് നബിയുൾപ്പടെ എല്ലാ പ്രവാചകന്മാരും പല വിധത്തിലുള്ള ഇസ്ലാം ഭീതി നേരിട്ടവരായിരുന്നു. ആഭിചാരകൻ, കവി, പൂർവ്വികരെ അവഹേളിക്കുന്നവൻ, തുടങ്ങിയ ആരോപണങ്ങളോടൊപ്പം, ശാരീരിക പീഡനവും വധശ്രമവും പ്രവാചകന്മാർക്ക് നേരെ ഉണ്ടായിട്ടുണ്ട്. വിശിഷ്യ മുഹമ്മദ് നബിക്ക് നേരെ. പ്രവാചകന്മാർ പ്രബോധനം ചെയ്യന്ന സന്ദേശത്തിന് ജനഹൃദയത്തിൽ സ്വീകാര്യത ലഭിക്കരുതെന്ന ദുഷ്ടമന:സ്ഥിതി മാത്രമാണ് ഇസ്ലാം ഭീതിക്ക് പിന്നിലെ കാരണം.
ഇസ്ലാം മനുഷ്യ സമൂഹത്തിന് ആവശ്യമാണെന്ന് നമ്മുടെ ജീവിതത്തിലൂടെ ബോധ്യപ്പെടുത്താൻ കഴിയുേമ്പാഴാണ്, ഇസ്ലാംഫോബിയയുടെ അഗ്നിപർവ്വതം ഉരുകാൻ തുടങ്ങുക. നബിയുടെ ജീവിതത്തിൽ നിന്നുള്ള ഒരു സംഭവം അതിനുള്ള മികച്ച ഉദാഹരണമാണ്. ഒരിക്കൽ പ്രവാചകൻ വൃദ്ധയായ ഒരു സ്ത്രീയുടെ ഭക്ഷ്യവസ്തു ചുമന്ന് സ്വയം മാതൃക കാണിച്ചതാണ് ആ ചരിത്രം.
ആ വൃദ്ധയുടെ ഭക്ഷ്യവസ്തു ചുമന്ന പ്രവാചകൻ അവരുടെ പുറകെ നടന്ന് വീടിന്റെ വാതിൽക്കലെത്തി. ചുമട് ഇറക്കിവെച്ച യുവാവിനോട്, ഗുണകാംക്ഷപൂർവ്വം ആ വൃദ്ധ സ്ത്രീ പറഞ്ഞു: മകനെ, ഇവിടെ വഴിപിഴപ്പിക്കാനായി ഒരു ചെറുപ്പക്കാരൻ നടക്കുന്നുണ്ട്. സൂക്ഷിക്കണെ. അവന്റെ പേര് മുഹമ്മദ് എന്നാണ്. ഇത്കേട്ട പ്രവാചകൻ പറഞ്ഞൂ: ആ മുഹമ്മദ് ഈയുള്ളവൻ തന്നെയാ…
ഇത് കേട്ട് അമ്പരന്ന്പോയ ആ സ്ത്രീ പറഞ്ഞു: മകനെ എങ്കിൽ ഞാനും നിന്റെ അനുയായി ആയിരിക്കുന്നു. മുഹമ്മദ് നബിയെ കുറിച്ച ശത്രുക്കൾ പ്രചരിപ്പിച്ച ഭീതിയുടെ ആഴം മനസ്സിലാക്കാൻ ഇത്തരത്തിലുള്ള എത്രയൊ സംഭവങ്ങൾ ചരിത്രത്തിലുണ്ട്. സ്വയം വാചാലമാണ് ഈ സേവന മാതൃക. ഇവിടെ നാവ് നിശ്ചലമാവുകയും നബിയുടെ സേവനം വാചാലമാവുകയും ചെയ്തു.
സാഹചര്യത്തിനും സന്ദർഭത്തിനുമനുസരിച്ച് ഇസ്ലാമിെൻറ സന്ദേശ പ്രബോധനത്തിന് പല രീതികൾ സ്വീകരിക്കാം. ഏതൊരു സാധാരണക്കാരന് പോലും സ്വീകരിക്കാവുന്ന ലളിതമായ ഒരു പ്രബോധന രീതിയാണ് മുകളിലുദ്ധരിച്ച മാതൃക.
മുസ്ലിംങ്ങൾ ഒരു ആദർശ സമൂഹമായി നിലനിൽക്കണൊ അതല്ല, കേവലം ആൾക്കൂട്ടമായി അടിമപ്പണി ചെയ്യണൊ എന്ന രണ്ട് സാധ്യതകൾക്ക് നടുവിലാണ് അവർ ജീവിച്ചുകൊണ്ടിരിക്കുന്നത്. രണ്ടാമത്തെ മാർഗം സ്വീകരിക്കാൻ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. എന്നാൽ ഒരു ആദർശ സമൂഹമായി നിലകൊള്ളാൻ മികച്ച ആസൂത്രണവും കഠിന പരിശ്രമവും അധ്വാനവും ആവശ്യമാണ്.
“നിങ്ങളുടെ പ്രവർത്തനങ്ങൾ നിമിത്തം എന്ത് ഫലങ്ങൾ ഉണ്ടായി എന്ന് നിങ്ങൾക്ക് അറിയണമെന്നില്ല. പക്ഷെ നിങ്ങൾ ഒന്നും പ്രവർത്തിക്കുന്നില്ലെങ്കിൽ, ഒരു ഫലവുമുണ്ടാവില്ല എന്ന കാര്യം ഉറപ്പാണെന്ന്” പറഞ്ഞത് ഗാന്ധിജിയാണ്. അതിനാൽ സാങ്കൽപിക കഥയിലെ ഒരു തവള ചെയ്തത് പോലെ, നമുക്ക് എന്തെങ്കിലും ചെയ്യാനുളള ത്വര ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം. ആ കഥ ഇങ്ങനെ:
വനത്തിൽ ഉഗ്രമായ തീ പടരുകയാണ്. നടുക്കുന്ന കഴ്ച കണ്ട ഒരു തവള അശ്വസ്ഥമായി. അത് തന്റെ കവിളിൽ കൊള്ളുന്നത്ര വെള്ളവുമായി അത് തീ അണക്കാൻ നിരന്തരമായി ശ്രമിക്കുന്നു. മാറിനിന്ന് ഈ കാഴ്ച കാണുകയായിരുന്ന മറ്റൊരു തവള ചോദിച്ചു: നീ എന്താണ് ചെയ്യുന്നത്? അപ്പോൾ തീ അണക്കാൻ ശ്രമിച്ച തവള പറഞ്ഞു: എന്റെ ഒരു വായ് നിറച്ചുള്ള വെള്ളം കൊണ്ട് തീ അണയില്ലെന്ന് എനിക്കറിയാം. പക്ഷെ എനിക്ക് ചെയ്യാൻ സാധിക്കുന്നതിന്റെ പരമാവധി ഞാൻ ചെയ്യുന്നു. അത്രയേ ഉള്ളൂ.
ആലോചിക്കുന്നവർക്ക് ഈ കൊച്ചു കഥയിൽ ധാരാളം പാഠങ്ങളുണ്ട്. ഇസ്ലാമോഫോബിയയുടെ കാട്ട് തീ അണക്കാൻ എന്തെങ്കിലും ചെറിയ കാര്യങ്ങൾ ചെയ്യുന്നത് പ്രയോജനം ചെയ്യാതിരിക്കില്ല. ധാന്യത്തിന്റെ ചുമട് താങ്ങി വൃദ്ധയെ സഹായിച്ച നബി തിരുമേനിക്കുണ്ടായ അനുഭവം പോലെ.