മനുഷ്യന്‍ മാറാന്‍ ഭയപ്പെടുന്നത് എന്ത്കൊണ്ടാവാം?
മാറ്റത്തെ കുറിച്ചും അതിന്‍റെ പ്രാധാന്യത്തെ കുറിച്ചും വാചാലമാവാത്തവര്‍ വളരെ വിരളമാണ്. നിലവില്‍ ആചരിച്ച് വരുന്ന ഒരു കാര്യം ഉപേക്ഷിച്ച് മറ്റൊരു രീതി സ്വീകരിക്കലാണ് മാറ്റത്തിന്‍റെ ഏറ്റവും ലളിതമായ വിവിക്ഷ. അഥവാ ഒരു അവസ്ഥയില്‍ നിന്നും മറ്റൊരു അവസ്ഥയിലേക്കുള്ള ചലനം. ഇത്തരമൊരു പരിവര്‍ത്തനത്തിന് വ്യക്തിയും കുടുംബവും സമൂഹവും വിധേയമാവുന്നില്ലെങ്കില്‍ നമുക്ക് ഒരു പുരോഗതിയും കൈവരിക്കുക സാധ്യമല്ല.
എന്നാല്‍ ചെറു ന്യൂനപക്ഷമൊഴിച്ച്, പൊതുവെ മാറ്റത്തെ പലരും ഭയപ്പാടോടെയാണ് കാണുന്നത്. മാറണൊ മാറണ്ടെ എന്ന സംശയാസ്പദമായ ചാഞ്ചാട്ടമാണ് നമ്മില്‍ പലരുടേയും മനസ്സിലുള്ളത്. അത് മാറ്റത്തെ പലപ്പോഴും ഭയക്കുന്നു. പുകവലി, മദ്യപാനം, ലൈംഗികാഭാസങ്ങള്‍ തുടങ്ങിയ ദുശ്ശീലങ്ങള്‍ പോലും ഉപേക്ഷിക്കാന്‍ പലരും തയ്യാറാവാത്തതിന്‍റെ പ്രധാന കാരണം, അത് കൂടുതല്‍ അശ്വസ്ഥത സൃഷ്ടിക്കുമൊ എന്ന ഭയമാണ്. അല്ലെങ്കില്‍ കൂടെയുള്ളവരുടെ വിമര്‍ശനത്തെ പേടിച്ചും മാറുന്നില്ല.
മറ്റു ചിലര്‍ വരുമാനത്തില്‍ ഉല്‍ക്കടമായ മാറ്റം ആഗ്രഹിച്ച് ബിസിനസ്സ് സംരംഭം തുടങ്ങാന്‍ ആലോചിക്കുന്നു. അവര്‍ പക്ഷെ അത് തുടങ്ങുന്നതിന് മുമ്പെ നിര്‍ത്തിവെച്ചേക്കാം. കാരണം മാറാനുള്ള ഭയം തന്നെ. മറ്റുളളവര്‍ തന്നെകുറിച്ച് എന്ത് വിചാരിക്കും എന്നൊ അല്ലോങ്കില്‍, റിസ്ക് ഏറ്റെടുക്കാനുള്ള ഭയംമൂലം പുതിയ സംരംഭത്തിന് തുടക്കം കുറിക്കാന്‍ കഴിയാത്ത അവസ്ഥ. രണ്ടും കല്‍പിച്ച് ധീരമായ ഒരു തീരുമാനമെടുത്ത് മുന്നോട്ട് പോയാല്‍ മാത്രമേ മാറ്റത്തിലൂടെ നേട്ടം കൈവരിക്കാനും വരുമാന വര്‍ധനവിനും കഴിയുകയുള്ളൂ.
വര്‍ഷങ്ങളായി ചെയ്ത് വരുന്ന കാര്യങ്ങള്‍ അതേപടി തുടര്‍ന്നാല്‍, എങ്ങനെയാണ് അഭിവൃദ്ധി കൈവരിക്കാന്‍ സാധിക്കുക? മാറുന്നതിനെ നാം പലപ്പോഴും പ്രതിരോധിക്കുകയാണ് ചെയ്യുന്നത്. മാറ്റം എന്നത് യഥാര്‍ത്തില്‍ ഒരു പരിണാമ പ്രക്രിയയാണല്ലോ? അത്തരം പരിണാമ ഘട്ടത്തില്‍ അനിശ്ചിതാവസ്ഥ ഉണ്ടാവുക സ്വാഭാവികമാണ്. ഈ അനിശ്ചിതാവസ്ഥയെ നമ്മുടെ മസ്തിഷ്കം പലപ്പോഴും ഇഷ്ടപ്പെടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതിനാല്‍ തന്നെ തൊഴില്‍ ഉള്‍പ്പടെയുള്ള രംഗങ്ങളിലെല്ലം നാം മാറാന്‍ സാഹസപ്പെടുന്നു.
ഭയമില്ലാതിരിക്കലാണ് മാറ്റത്തിന്‍റെ പ്രധാന ഘടകം. ജനങ്ങളുടെ പ്രതികരണത്തെ കുറിച്ച ഭയം. ജനം എന്ത് വിചാരിക്കും എന്നതാണ് ഒരാളുടെ മനോനില എങ്കില്‍, പിന്നെ എന്ത് നേട്ടമാണ് നേടാന്‍ സാധിക്കുക? മാറ്റത്തെ കുറിച്ച് ചിന്തിക്കാതിരിക്കാനുള്ള മറ്റാരു കാരണം സ്വന്തത്തെ കുറിച്ച സംശയമാണ്. മാറ്റത്തെ കുറിച്ച് ചിന്തിക്കുന്ന നാം അത് ജീവിതത്തില്‍ നടപ്പാക്കാന്‍ പറ്റുമൊ എന്ന് സംശയിക്കുന്നു. അതുപോലുള്ള കാര്യം മറ്റു പലരും ചെയ്യുന്നുണ്ടാവും. അവരുടെ സഹായം തേടി മുന്നോട്ട് നീങ്ങുകയാണ് കരണീയം.
മാറ്റം അശ്വസ്ഥമാണെന്ന് ചിന്തിക്കാന്‍ വേറേയും പല കാരണങ്ങളുണ്ടാവം. ലക്ഷ്യത്തെ കുറിച്ച് അവ്യക്തത, പരാജയ ഭീതി, കൃത്യമായ ലക്ഷ്യമില്ലാത്ത അവസ്ഥ ഇവയാണ് വിജയത്തിന് തടസ്സം നില്‍ക്കുന്ന മാറ്റത്തിന്‍റെ മറ്റു ശത്രുക്കള്‍. ഇവയെ ധീരമായി നിഗ്രഹിച്ചാല്‍ മാത്രമെ മുന്നോട്ട് പോവാന്‍ കഴിയൂ. ഭയം മാനസികമായ ഒരു അവസ്ഥയാണ്. അതിനെ മറികടക്കാന്‍ നിങ്ങളുടെ ഉള്ളകങ്ങളിലേക്ക് നോക്കുക. നിങ്ങളുടെ ഭയങ്ങത്തെ നിങ്ങള്‍ അംഗീകരിക്കുകയും അവ ഓരോന്നായി നേരിടാന്‍ സ്വയം ധൈര്യം പ്രകടിപ്പിക്കുകയും ചെയ്യുക.
ഇസ്ലാം പഠിപ്പിക്കുന്ന മഹത്തായ മൂല്യങ്ങളിലൊന്നാണ് തവക്കുല്‍, മനുഷ്യ സാധ്യമായതെല്ലാം ചെയ്തുകഴിഞ്ഞിട്ടും സംഭവിക്കുന്ന പ്രത്യാഘതങ്ങളെ സമചിത്തതയോടെ നേരിടാന്‍ പ്രാപ്തമാക്കുന്ന ദൈവിക സഹായത്തിലുള്ള അചഞ്ചലമായ വിശ്വാസത്തിന്‍റെ പേരാണ് തവക്കുല്‍ അഥവാ കാര്യങ്ങളെല്ലാം അല്ലാഹുവില്‍ ഭരമേല്‍പിക്കല്‍. ഭൂമിയിലെ അനിശ്ചിതത്വത്തില്‍ വിശ്വാസികള്‍ക്കുള്ള ശക്തമായ പിടിവള്ളിയാണത്. ഭയപ്പെട്ടാല്‍ ഭയം വിട്ട്പോവുകയില്ല. അല്ലാഹു ഒരു വഴി തുറന്ന തരുമെന്ന ഉറച്ചബോധത്തോടെ നീങ്ങുക.
തവക്കുലിന് ശേഷം സംഭവിക്കുന്നത് ദൈവവിധിയാണെന്ന് കരുതി ആശ്വാസംകൊള്ളുക. ഒരു വാതില്‍ അടഞ്ഞാല്‍ അനേകം വാതിലുകള്‍ തുറന്ന് തരാന്‍ കഴിവുള്ള അതിശക്തനായ അല്ലാഹുവിലാണ് താന്‍ വിശ്വസിക്കുന്നത് എന്ന ബോധം വിശ്വാസിയെ കരുത്തനാക്കുന്നു. ഉറച്ച തീരുമാനവും കടുത്ത ഇഛാശക്തിയും മാറ്റത്തിന്‍റെ പിന്നില്‍ അനിവാര്യമാണ്. അറിവ് മാറ്റത്തെ, അല്‍പാല്‍പമായിട്ടെങ്കിലും ത്വരിതപ്പെടുത്തുന്നതാണ്. കപ്പല്‍ നിര്‍മ്മിക്കാന്‍ നൂഹ് നബിയും മക്കയില്‍ നിന്ന് മദീനയിലേക്ക് ഹിജ്റ പോവാന്‍ മുഹമ്മദ് നബിയും കടുത്ത തീരുമാനമെടുത്തിരുന്നില്ളെങ്കില്‍ ചരിത്രത്തിന്‍റെ ഗതി മറ്റൊന്നായേനെ.
മാറ്റത്തിന്‍റെ ഭാഗമായി തൊഴിലുടമകള്‍ പല കടുത്ത തീരുമാനങ്ങള്‍ എടുത്തെന്ന് വരാം. കോര്‍പറേറ്റ് കമ്പനികള്‍ അതിന് തുടക്കും കുറിച്ചു കഴിഞ്ഞു. അങ്ങനെ ചിലര്‍ക്കൊക്കെ ജോലി നഷ്ടപ്പെടാം. അപ്പോള്‍ ഒരു ജോലി നഷ്ടപ്പെട്ടാല്‍ ധീരനായി നേരിടുക. അതിന് മാനസികമായി തയ്യാറെടുക്കുക. സി.വി. തയ്യാറാക്കുക. പുതിയ അറിവുകളും നൈപുണ്യവും ആര്‍ജ്ജിക്കുക. കുടുതല്‍ പേരുമായി ബന്ധപ്പെടുക. അതിലൂടെ പ്രതിസന്ധിയെ മറികടക്കാന്‍ കഴിഞ്ഞേക്കാം. കളിക്കാര്‍ കളി വിരമിച്ചതിന് ശേഷം പുതിയ മേച്ചില്‍ കണ്ടത്തെുന്നത് പോലെ.
ജീവിതത്തില്‍ മാറാന്‍ എടുക്കുന്ന ഓരോ തീരുമാനവും അത് നടപ്പാക്കലും ചെറിയ വിജയമായി ആഘോഷിക്കൂ. ആത്യന്തികമായി നിങ്ങള്‍ നിങ്ങളുടെ ഭയങ്ങള്‍ക്ക് മുകളില്‍ നില്‍ക്കുകയും മെച്ചപ്പെട്ട ജീവിതം നയിക്കാന്‍ തുടങ്ങുകയാണ് ചെയ്യുന്നത്. കുട്ടികളുടെ ജന്മദിനങ്ങളല്ല, പരിവര്‍ത്തനത്തിന്‍റെ മഹത്തായ നേട്ടങ്ങളെയാണ് ആഘോഷമാക്കേണ്ടത്.